ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടി നൽകാനുള്ള സമയം, രീതി, ലക്ഷ്യം എന്നിവ നിശ്ചയിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. നരേന്ദ്രമോദിയുടെ വസതിയിൽ ഇന്നലെ നടന്ന ഉന്നതതലയോഗത്തിലാണ് ഇതു തീരുമാനമായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, വിവിധ സേനകളുടെ മേധാവിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. തിരിച്ചടി നീക്കങ്ങൾക്ക് ഇന്നുചേരുന്ന കേന്ദ്ര കാബിനറ്റ് യോഗം അന്തിമ അംഗീകാരം നൽകും.
സൈന്യത്തിന്റെ ക്ഷമതയിലും തീരുമാനമെടുക്കാനുള്ള കഴിവിലും പൂർണവിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രേഖപ്പെടുത്തിയത്. 26 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരരെ സഹായിച്ച പാകിസ്താന് തക്ക മറുപടി നൽകാൻ സൈന്യത്തിന് സർവസ്വാതന്ത്ര്യവും പ്രധാനമന്ത്രി നൽകി. 2019ൽ നടന്ന പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ബലാകോട്ടിലുള്ള ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തു. പാക് സൈന്യത്തിന്റെ പിന്തുണയോടെ സ്ഥാപിച്ചിരുന്ന ജെയ്ഷെ ക്യാമ്പുകളാണ് ഇന്ത്യ നാമാവശേഷമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിനും സമാനമായ രീതിയിൽ മറുപടി നൽകുമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം.
അതേസമയം പഹൽഗാമിൽ ആക്രമിച്ച ഭീകരരെ ജീവനോടെ പിടികൂടാൻ പരമാവധി ശ്രമിക്കണമെന്നാണ് സൈനികർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഭീകരാക്രമണത്തിലെ പാക് പങ്ക് ലോകത്തിനുമുൻപിൽ തെളിയിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. പാക് പൗരന്മാരായ തീവ്രവാദികളെ ജീവനോടെ പിടികൂടാനായാൽ പാകിസ്താന്റെ ഇരവാദവും ഇരട്ടത്താപ്പും ലോകത്തിന് മുൻപിൽ ഒരിക്കൽക്കൂടി വെളിപ്പെടുത്താൻ ഇന്ത്യക്ക് സാധിക്കും.















