ചെന്നൈ: സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (TNPCB) നിരോധനത്തിനുള്ള നിർദ്ദേശം അംഗീകരിക്കുകയും അന്തിമ അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് അയയ്‌ക്കുകയും ചെയ്തു.ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് നടപടി. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് തീപ്പെട്ടി ഫാക്ടറി തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ കഴിയുന്ന ഒരു നീക്കത്തിലൂടെ സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കുന്നതിലേക്ക് സംസ്ഥാന സർക്കാർ നീങ്ങുകയാണെന്ന് ധനമന്ത്രി തങ്കം തെന്നരസു ശനിയാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചു.
പ്ലാസ്റ്റിക് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഐഎഡിഎംകെ നിയമസഭാംഗവും മുൻ മന്ത്രിയുമായ കടമ്പൂർ സി രാജു ഉന്നയിച്ച പ്രത്യേക പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രാദേശിക വ്യവസായങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ദോഷം ചൂണ്ടിക്കാട്ടി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇതിനകം തന്നെ അത്തരമൊരു നിരോധനം നടപ്പാക്കിയിട്ടുണ്ട്.
സ്പീക്കർ എം അപ്പാവു, തൂത്തുക്കുടി എംപി കനിമൊഴി, മന്ത്രി ഗീത ജീവൻ, മറ്റ് നിരവധി നിയമസഭാംഗങ്ങൾ എന്നിവർ സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് തെന്നരസു പറഞ്ഞു. “സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന 14 പ്ലാസ്റ്റിക് വസ്തുക്കൾ ഞങ്ങൾ ഇതിനകം നിരോധിച്ചിട്ടുണ്ട്. 20 രൂപയ്‌ക്ക് വിൽക്കുന്ന യൂസ് ആൻഡ് ത്രോ സിഗരറ്റ് ലൈറ്ററുകൾ, കോവിൽപട്ടി, സത്തൂർ, ശിവഗംഗൈ എന്നിവിടങ്ങളിൽ തീപ്പെട്ടി വ്യവസായത്തിന് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു,” അദ്ദേഹം പറഞ്ഞു.
തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു. കോവിൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് തീപ്പെട്ടിനിർമാണ വ്യവസായം.ലൈറ്ററുകൾ വിപണിയിൽ സുലഭമായതോടെ, തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. തമിഴ്‌നാട്ടിൽ 70 ശതമാനംപേരും ലൈറ്ററുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇവയ്‌ക്ക് കനത്ത തിരിച്ചടിയായി മാറി. കോവിൽപ്പെട്ടിയിൽനിന്നുള്ള തീപ്പെട്ടി കയറ്റുമതിയെയും ലൈറ്ററുകൾ വിഴുങ്ങി.