ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖയിൽ പാക് സൈനികർ വെടിവെപ്പ് തുടരുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം 51 തവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്നാണ് റിപ്പോർട്ട്. പ്രകോപനങ്ങൾക്ക് പക്വമായ രീതിയിൽ ഇന്ത്യ മറുപടി നൽകുന്നുമുണ്ട്.
കശ്മീരിലെ നൗഷേര, സുന്ദർബനി, അഖ്നൂർ സെക്ടറുകളിലെ അതിരിത്തികളിലാണ് പാകിസ്താൻ വെടിവെപ്പ് തുടരുന്നത്. തുടർച്ചയായ ആറ് ദിവസമായി തുടരുന്ന പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുകയാണ്. ഇന്ത്യയുമായി യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് ISI എന്നാണ് വിവരം.
വിവിധ പാക് മന്ത്രിമാർ യുദ്ധകാഹളം മുഴക്കുന്ന പ്രസ്താവനകൾ നേരത്തെ മുതൽ നടത്തിയിരുന്നു. സിന്ധു നദിയിലെ വെള്ളം കിട്ടിയില്ലെങ്കിൽ ഇന്ത്യക്കാരുടെ ചോരപ്പുഴ ഒഴുകും, പാകിസ്താന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ല ഇന്ത്യക്ക് മേൽ പ്രയോഗിക്കാനുള്ളതാണ്, തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളാണ് പാക് ഭരണകൂടവും പ്രതിപക്ഷവും ഒറ്റകെട്ടായി നടത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടി വരും ദിവസങ്ങളിൽ പാകിസ്താന് ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം.















