കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. എന്നാൽ മത്സരശേഷം വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത് കൊൽക്കത്ത താരം റിങ്കു സിംഗിനെ തല്ലുന്ന കുൽദീപിന്റെ പ്രവർത്തിയാണ്. റിങ്കുവിനെ തുടർച്ചയായി രണ്ട് തവണ കരണത്തടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, രണ്ട് ക്രിക്കറ്റ് താരങ്ങളും മറ്റ് ചില കളിക്കാരുമായി ചിരിച്ചുകൊണ്ട് സംഭാഷണങ്ങൾ നടത്തുന്നുണ്ട്, എന്നാൽ കുൽദീപ് പെട്ടെന്ന് റിങ്കുവിന്റെ കരണത്ത് ശക്തമായി അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അടി കൊൽക്കത്ത താരത്തെയും ഞെട്ടിച്ചു. ആ പ്രവൃത്തി കളിയായി തോന്നിയെങ്കിലും രണ്ടാമതൊരിക്കൽ കൂടി കുൽദീപ് ഇതാവർത്തിച്ചതോടെ റിങ്കു കോപാകുലനായി മറുപടി നൽകുന്നത്ത് വീഡിയോയിൽ കാണാം.
Yo kuldeep watch it pic.twitter.com/z2gp4PK3OY
— irate lobster🦞 (@rajadityax) April 29, 2025
ഓഡിയോ ലഭ്യമല്ലാത്തതിനാൽ മുഴുവൻ സംഭവത്തിന്റെയും പശ്ചാത്തലം വ്യക്തമല്ലെങ്കിലും കുൽദീപിന്റെ പ്രവർത്തിയിൽ സോഷ്യൽ മീഡിയ തൃപ്തരല്ല. ബിസിസിഐയിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്ന് വരെ രോഷാകുലരായ ആരാധകർ ആവശ്യപ്പെട്ടു. അതേസമയം ചൊവ്വാഴ്ച ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ റിങ്കു സിംഗ് മികച്ച പ്രകടനം കാഴ്ചവച്ചു. സമീപകാലത്തായി റിങ്കു മോശം ഫോമിലാണെങ്കിലും, കഴിഞ്ഞ ദിവസം 25 പന്തിൽ നിന്ന് 36 റൺസ് നേടി.