ന്യൂഡൽഹി: സ്കൂളിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അധികപണം വിനിയോഗിച്ച സംഭവത്തിൽ എഎപി നേതാക്കളും മുൻ മന്ത്രിമാരുമായി മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കെതിരെ കേസ്. 2,000 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയത്. സംഭവത്തിൽ ഡൽഹി പാെലീസ് കേസെടുത്തിട്ടുണ്ട്.
അരവിന്ദ് കെജ്‌രിവാൾ സർക്കാരിൽ സിസോദിയ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നതെന്നാണ് കണ്ടെത്തൽ. എഎപി സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായിരുന്നു സിസോദിയ. സത്യേന്ദർ ജെയിൻ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്നു.
എഎപി പ്രവർത്തകരായ കരാറുകാർക്കാണ് ക്ലാസ്മുറിയുടെ നിർമാണ ചുമതല നൽകിയിരുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫണ്ടിൽ നിന്നും അധികപണം ഉപയോഗിക്കേണ്ടി വന്നതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്.
ക്ലാസ് മുറി നിർമാണ പദ്ധതിയിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സെൻട്രൽ വിജിലൻസ് കമീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ആംആദ്മി സർക്കാർ ഇത് പൂഴ്‌ത്തിവയ്‌ക്കുകയായിരുന്നു.