ബെംഗളൂരു: തായ്വാന്‍ ആസ്ഥാനമായ മൊബൈല്‍ ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, ഹൈദരാബാദിലെ തങ്ങളുടെ പ്ലാന്റില്‍ കയറ്റുമതിക്കായി ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ആരംഭിച്ചു. ഇതോടൊപ്പം ബെംഗളൂരുവിലെ പുതിയ വലിയ പ്ലാന്റില്‍ ഐഫോണ്‍ ഉത്പാദനം ആരംഭിക്കുന്നതിനും കമ്പനി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങളുടെയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ 145 ശതമാനത്തിലേക്ക് എത്തിയതിന്റെയും പശ്ചാത്തലത്തില്‍ ചൈനയ്‌ക്ക് ബദലായി തന്ത്രപരമായ നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയെയാണ് ആപ്പിള്‍ കാണുന്നത്. യുഎസ് വിപണിയെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത്.
ദേവനഹള്ളിയില്‍ തയാറായിരിക്കുന്ന ഫോക്‌സ്‌കോണിന്റെ ബെംഗളൂരു പ്ലാന്റ്, ചൈനയ്ക്ക് പുറത്തുള്ള ഫോക്സ്‌കോണിന്റെ രണ്ടാമത്തെ വലിയ പ്ലാന്റായിരിക്കും. പ്ലാന്റിന് പ്രതിവര്‍ഷം 20 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുണ്ടാകും. 2.8 ബില്യണ്‍ ഡോളര്‍ (25,000 കോടി രൂപ) നിക്ഷേപത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. തായ്വാന്‍ സ്ഥാപനം ഐഫോണ്‍ 17 സീരീസിന്റെ പരീക്ഷണ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിച്ചു.
ടാറ്റയും സജീവം
അതേസമയം ആപ്പിളിന്റെ മറ്റൊരു കരാര്‍ നിര്‍മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സും ആപ്പിള്‍ ഫോണുകളുടെയും ആക്‌സസറീസുകളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ്. ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സിന്റെ പുതിയ ഐഫോണ്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പഴയ തലമുറ ഐഫോണുകളാണ് അസംബിള്‍ ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ടാറ്റ പ്ലാന്റ് കയറ്റുമതി ആരംഭിക്കും. വരുന്ന മാസങ്ങളില്‍ പ്ലാന്റ് ഉത്പാദനം ക്രമേണ വര്‍ദ്ധിപ്പിക്കും. തായ്വാനീസ് കരാര്‍ നിര്‍മ്മാതാക്കളായ പെഗാട്രോണിന്റെയും വിസ്‌ട്രോണിന്റെയും ഇന്ത്യയിലെ ഫാക്ടറികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റ ഇലക്ട്രോണിക്സ് ആപ്പിളിന്റെ രണ്ടാമത്തെ പ്രധാന വിതരണക്കാരായി മാറിയിട്ടുണ്ട്.
ലക്ഷ്യം യുഎസ് വിപണി
2026 അവസാനത്തോടെ പ്രതിവര്‍ഷം 60 ദശലക്ഷത്തിലധികം ഐഫോണുകളുടെ ഉത്പാദനം ഇന്ത്യന്‍ ഫാക്ടറികളിലേക്ക് മാറ്റുക എന്ന ലക്ഷ്യമാണ് ആപ്പിളിനുള്ളത്. യുഎസ് വിപണിക്ക് ആവശ്യമായ മുഴുവന്‍ ഫോണുകളും ഇതോടെ ഇന്ത്യയിലാവും നിര്‍മിക്കുക. താരിഫ് സംബന്ധമായ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍, ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് മാര്‍ച്ചില്‍ 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണുകള്‍ യുഎസിലേക്ക് കയറ്റി അയച്ചു.















