ചെന്നൈ: നടൻ അജിത് കുമാർ ആശുപത്രിയിൽ. കാലിനേറ്റ പരിക്കിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്നു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം വന്നിറങ്ങിയ നടനെ ആരാധകർ വളഞ്ഞിരുന്നു. ഇതിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫിസിയോതെറാപ്പി ചികിത്സ നൽകുകയും ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ ആശുപത്രി വിടാനാകുമെന്നാണ് വിവരം.
ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘Good Bad Ugly’ ആണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. റേസിംഗിനോട് കടുത്ത അഭിനിവേശമുള്ള നടൻ അജിത്ത് അടുത്തിടെ ബെൽജിയത്തിൽ നടന്ന 12H റേസിംഗ് ഇവന്റിൽ പങ്കെടുത്തിരുന്നു. താരത്തിന്റെ ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു.