തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവനന്തപുരം വിഴിഞ്ഞം പോർട്ട് കമ്മീഷനിംഗിന്റെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
നാളെ ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയും ഗതാഗത നിയന്ത്രണമുണ്ടാവും.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് രണ്ടിന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്.
തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എൻഎസ്ജി സംഘത്തെയും സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. കടലിലും പ്രത്യേക സുരക്ഷ ഒരുക്കും. ഉദ്ഘാടനം കഴിഞ്ഞ് രാജ്ഭവനില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുക.