തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. നാളെയാണ് വിഴിഞ്ഞ തുറമുഖത്തിന്റെ കമ്മീഷനിംഗ് നടക്കുക.
വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോവുകയും ഗവർണർ രാജേന്ദ്ര അർലേക്കറിനോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് രാത്രി രാജ്ഭവനിലായിരിക്കും തങ്ങുക. നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പിലേക്ക് തിരിക്കും. അവിടെ നിന്ന് ഹെലികോപ്റ്റർ വഴിയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്.
രാവിലെ പത്തരയോടുകൂടി വിഴിഞ്ഞത്ത് എത്തുന്ന പ്രധാനമന്ത്രി തുറമുഖം സന്ദർശിക്കും. എംഎസ് സിയുടെ കൂറ്റൻ കപ്പലായ സെലസ്റ്റീനോ മരെസ്ക വിഴിഞ്ഞത്തെത്തും. ഈ കപ്പലിനെയും പ്രധാനമന്ത്രി സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കമ്മീഷനിംഗ് ചടങ്ങുകൾ നടക്കുക. തുറമുഖ കവാടത്തിൽ തന്നെ ഒരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങുകൾക്ക് ശേഷം കൃത്യം 12 മണിയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ രാത്രി പത്ത് മണിവരെയും നാളെ രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയും ഗതാഗത നിയന്ത്രണമുണ്ടാവും.