ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്സിതാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്. മഹിറ ഖാൻ, ഹാനിയ ആമിർ, സജൽ അലി, ഗായകൻ അലി സഫർ തുടങ്ങിയ പ്രമുഖ താരങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളാണ് ഇന്ത്യയിൽ വിലക്കിയത്. ഇന്ത്യയ്‌ക്കെതിരെ പോസ്റ്റ് പങ്കുവച്ചതിനാണ് നടപടി.
ഹാനിയ ആമിറിന്റെ അക്കൗണ്ടാണ് ഇന്ത്യയിൽ ആദ്യം പ്രവർത്തനരഹിതമാക്കിയത്. പാകിസ്താനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ കർശന നടപടികളുടെ ഭാഗമാണിത്. പാക് സെലിബ്രിറ്റികളുമായി യാതൊരു ബന്ധവും വേണ്ടെന്ന് സിനിമാ സംഘടനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു.
പാകിസ്താന്റെ പ്രധാന വാർത്താ ഏജൻസികൾ, മുൻ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തർ, പോഡ്കാസ്റ്റർ ഷെഹ്സാദ് ഗിയാസ് തുടങ്ങിയവരുടെ സ്വകാര്യ യൂട്യൂബ് ചാനലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയ്‌ക്കും സുരക്ഷാസേനയ്‌ക്കുമെതിരെ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശപ്രകാരമാണ് യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തത്.
പാക് സെലിബ്രിറ്റികളുടെ അക്കൗണ്ടുകൾ ഇനി ഇന്ത്യയിൽ ലഭ്യമാകില്ല. പാകിസ്താനിൽ നിന്നുള്ള യാതൊരു സോഷ്യൽമീഡിയ പേജുകളും ഇനി ഇന്ത്യക്കാർക്ക് ആക്സസ് ചെയ്യാൻ സാധിക്കില്ല.















