ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിലെ താത്ക്കാലിക അംഗങ്ങളുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കൗൺസിലിലെ താത്ക്കാലിക അംഗങ്ങളായ ഏഴ് അംഗരാജ്യങ്ങളിലുള്ള പ്രതിനിധികളുമായാണ് ജയശങ്കർ ചർച്ച ചെയ്തത്.
ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ, ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ്ലോകെ, അൾജീരിയ, ഗ്രീസ്, ഗയാന, പനാമ, സ്ലൊവേനിയ, സിയറ ലിയോൺ, സൊമാലിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ ഫോണിൽ സംസാരിച്ചു. ഇന്ത്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കൾ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്ന് ജയശങ്കറോട് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാസമിതി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഭീകരവാദം കുറ്റകരമാണെന്നും അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം ഉയർത്തുന്നതെന്നും സമിതി വ്യക്തമാക്കി.
ഭീകരതയ്‌ക്ക് കനത്ത പ്രഹരം നൽകുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന സൂപ്പർ കാബിനറ്റ് യോഗം ചേർന്നിരുന്നു. സുരക്ഷാ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഉൾപ്പെടെ നാല് ഉന്നതതല യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നത്.