ഇസ്ലാമാബാദ്: വീണ്ടും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ തുടർന്ന് പാകിസ്താൻ. പാക് സെനറ്ററായ പൽവാഷ മുഹമ്മദ് സായ് ഖാനാണ് ഹിന്ദുവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ “പുതിയ ബാബറി പള്ളിയുടെ ആദ്യ ഇഷ്ടിക” പാകിസ്താൻ പട്ടാളക്കാർ സ്ഥാപിക്കുമെന്നാണ് അവരുടെ വിവാദ പ്രസ്താവന. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഉപരിസഭയിൽ പൽവാഷ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നത്.
“അയോധ്യയിലെ പുതിയ ബാബറി പള്ളിയുടെ ആദ്യ ഇഷ്ടിക പാകിസ്താൻ സൈനികർ സ്ഥാപിക്കും, ആദ്യത്തെ അസാൻ (ബാങ്കുവിളി) സൈനിക മേധാവി അസിം മുനീർ തന്നെ നൽകും,” പൽവാഷ ചൊവ്വാഴ്ച പറഞ്ഞു. “ഞങ്ങൾ വളകൾ ധരിക്കുന്നില്ല” എന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുമായി സംഘർഷമുണ്ടായാൽ സിഖ് സൈനികർ പാകിസ്താനെ ആക്രമിക്കില്ലെന്നും കാരണം അവർക്ക് പാകിസ്താൻ ഗുരുനാനാക്കിന്റെ നാടാണെന്നും അവർ പറഞ്ഞു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പീഡിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഈ പ്രസ്താവനയും എന്നത് പ്രസക്തമാണ്.
ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേതാക്കൾ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. അടുത്തിടെ, ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. സിന്ധു തങ്ങളുടേതാണെന്നും ഒന്നുകിൽ അതിലൂടെ വെള്ളം ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്നും ബിലാവൽ ഭൂട്ടോ ഭീഷണി മുഴക്കി.















