കാസർകോട്: ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു. കാസർകോട് വിദ്യാനഗറിലാണ് സംഭവം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കുട്ടി കളിക്കുന്നതിനിടെ കാൽവഴുതി കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുലേഖയുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.















