ഇസ്ലാമാബാദ്: കൊടും ഭീകരൻ ഹാഫിസ് സയിദിന് സുരക്ഷ ശക്തമാക്കി പാക് ഭരണകൂടം. ഭീകര സംഘടനയായ ലഷ്കർ- ഇ- തൊയിബയുടെ തലവനായ ഹാഫിസ് സയിദിന്റെ വസതിയിൽ പാക് സൈന്യം കമാൻഡോകളെ വിന്യസിച്ചു എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഒരു കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ സിസിടിവികൾ സജ്ജീകരിച്ചിട്ടുണ്ട്. പാക് കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് സുരക്ഷ വിലയിരുത്തുന്നത്. ഹാഫിസ് സയിദിന്റെ ലാഹോറിലെ വീട്ടിന് നേരെ ആക്രമണമുണ്ടാകുമോ എന്ന ഭയത്തിലാണ് പാകിസ്താൻ.
തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പാകിസ്താനിൽ ആശങ്ക പ്രകടമാണ്. തിരിച്ചടി ഏത് രീതിയിലായിരിക്കുമെന്ന ഭയത്തിലാണ് സൈന്യവും ഭരണകൂടം. പാക് സൈനിക കേന്ദ്രങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന പല കൻോൺമെന്റുകളും ഭീകരരുടെ പരിശീലന കേന്ദ്രങ്ങളാണ്. ഭീകര സംഘടനയുടെ തലവൻമാരെ ഇന്ത്യ ലക്ഷ്യംവക്കുന്നു എന്ന സംശയവും പാകിസ്താനുണ്ട്.
ലഷ്കർ തലവൻ ഹാഫിസ് സയിദ്, ജെയ്ഷെ തലവൻ മസൂദ് അസർ എന്നിവർ ലാഹോറിലാണ്. ദാവുദ് ഇബ്രാഹിമും പാകിസ്താനിലാണ്. എന്ത് വിലകൊടുത്തും ഇവർക്ക് സുരക്ഷ ഒരുക്കാനുള്ള തത്രപ്പാടിലാണ് സൈന്യവും പാക് ഐഎസ്ഐയും.
ഭീകരസംഘടനകളുടെ തലവൻമാരുടെ നീക്കം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 2019 മുതൽ ഹാഫിസ് സയിദ് ജയിലിൽ ആണെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ ലാഹോറിൽ ആഢംബര ബംഗ്ലാവിൽ ഐഎസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ഹാഫിസ് സയിദുള്ളത്. ഹാഫിസ് സയിദ് പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നിരവധി തവണ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ലോറൻസ് ബിഷ്ണോയി സംഘം ഹാഫിസ് സയിദിനെ കൊല്ലുമെന്ന് പറഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.