ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ റാണയുടെ ശബ്ദ, കയ്യക്ഷര സാമ്പിളുകൾ എൻഐഎ സംഘം പരിശോധിക്കും. ഇതിന് എൻഐഎ കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം റാണയുടെ കയ്യക്ഷര, ശബ്ദ സാമ്പിളുകൾ ശേഖരിച്ചു.
റാണയുടെ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും അന്വേഷണത്തിന് സമയം വേണ്ടിവരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു. വിവരങ്ങൾ വ്യക്തമാകുന്നതിന് റാണയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ വാദിച്ചു.
അന്വേഷണവുമായി റാണ സഹകരിക്കാത്ത വിവരവും എൻഐഎ കോടതിയെ ധരിപ്പിച്ചു. എൻഐഎയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണൻ ഹാജരായി. ആക്രമണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന വിവരമാണ് എൻഐഎ നിലവിൽ അന്വേഷിക്കുന്നത്. ഇതിന് കൂടുതൽ സമയം ആവശ്യമാണ്.