കൊൽക്കത്ത: 14 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ഹോട്ടലുടമയും മാനേജരും അറസ്റ്റിൽ. കൊൽക്കത്തയിലെ ഋതുരാജ് ഹോട്ടലിന്റെ ഉടമ ആകാശ് ചൗള, മാനേജർ ഗൗരവ് കപൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്.
ഹോട്ടലിലെ അടിയന്തര അഗ്നിശമനാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഹോട്ടലിൽ താമസിക്കുന്നവർക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളും അധികൃതർ ഒരുക്കിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുടമക്കെതിരെയും മാനേജർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ഹോട്ടലിൽ നിന്നും കണ്ടെടുത്ത 14 മൃതദേഹങ്ങളിൽ 12 പേരെ തിരിച്ചറിഞ്ഞു. ഈ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. മരിച്ചവരിൽ അധികവും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
മദൻ മോഹൻ ബർമൻ സ്ട്രീറ്റിലെ ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്ത സമയത്ത് മുറികളിലെ ജനൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മരിച്ചത്.