ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് വിശദവിവരങ്ങൾ തേടി യുഎസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. അമേരിക്ക ഇന്ത്യയോടൊപ്പം ശക്തമായി നിലക്കൊള്ളുമെന്ന് പിറ്റ് ഹെഗ്സെത്ത് ഉറപ്പുനൽകി. പാകിസ്താനുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്ക് യുഎസിന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാജ്നാഥ് സിംഗുമായി സംസാരിച്ചതിന് ശേഷം ഹെഗ്സെത്ത് എക്സിൽ കുറിച്ചു. യുഎസിന്റെ ശക്തമായ പിന്തുണ അവരോടൊപ്പം ഉണ്ടായിരിക്കും. തങ്ങൾ ഇന്ത്യയുടെ മഹത്തായ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭ സുരക്ഷാ സമിതിയിലെ താത്ക്കാലിക അംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചിരുന്നു. ഡാനിഷ്, ഡെൻമാർക്ക്, അൾജീരിയ, ഗ്രീസ്, ഗയാന, പനാമ, സ്ലൊവേനിയ, സിയറ ലിയോൺ, സൊമാലിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകുന്നതിനുള്ള ഇന്ത്യയുടെ ഏത് നടപടിക്കും ഒപ്പമുണ്ടായിരിക്കുമെന്ന് വിദേശ പ്രതിനിധികൾ ഉറപ്പുനൽകി.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാക് സൈന്യം തുടർച്ചയായി ഇന്ത്യൻ ചെക്ക് പോസ്റ്റിന് നേരെ വെടിയുതിർക്കുകയാണ്. ഇന്ത്യ- പാകിസ്താൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിട്ടുണ്ട്. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കി.