ശ്രീനഗർ: വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് പാകിസ്താൻ സൈന്യം. നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റിന് നേരെ വീണ്ടും വെടിവയ്പ്പുണ്ടായി. കശ്മീരിലെ കുപ് വാര, ബാരാമുള്ള, പൂഞ്ച്, നൗഷേര, അഖ്നൂർ എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. പാക് സൈന്യത്തിന്റെ പ്രകോപനപരമായ വെടിവയ്പിനെതിരെ ഇന്ത്യൻ സൈനികരും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വെടിവയ്പ്. തുടർച്ചയായുള്ള പാകിസ്താന്റെ പ്രകോപനപരമായ വെടിവയ്പ്പിനെതിരെ ഇന്ത്യ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം ഇന്നലെയും വെടിവയ്പ്പുണ്ടായി. സിന്ധു നദീജല കരാർ റദ്ദാക്കിയതിന് ശേഷമാണ് തുടർച്ചയായി പാക് പ്രകോപനം തുടരുന്നത്.
ചെറിയ തോക്കുകൾ ഉപയോഗിച്ചാണ് പാക് സൈന്യം വെടിയുതിർക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്താന്റെയും ഇന്ത്യയുടെയും മിലിട്ടറി ഓപ്പറേഷൻസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയതിന് പിന്നാലെയാണിത്.
ചൊവ്വാഴ്ച രാത്രി രജൗരി ജില്ലയിലെ സുന്ദർബാനി, നൗഷേര സെക്ടറുകളിലെ നിയന്ത്രണരേഖയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയും പാക് സൈന്യം വെടിയുതിർത്തിരുന്നു.















