ന്യൂഡൽഹി: മകൾക്ക് ഒരു ദിവസം പോലും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം നൽകാത്തതിനെ തുടർന്ന് പിതാവിന്റെ സംരക്ഷണാവകാശം നിഷേധിച്ച് സുപ്രീം കോടതി. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം വാങ്ങികൊടുക്കുന്നത് എട്ട് വയസുകാരിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിംഗപ്പൂരിൽ ജോലിചെയ്യുന്ന മലയാളിയായ ബിസിനസുകാരനാണ് യുവാവ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മകളോട് സ്നേഹമുള്ള വ്യക്തിയാണെങ്കിലും വീട്ടിലെ സാഹചര്യവും ചുറ്റുപാടും കുട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും വാങ്ങുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് മുതിർന്നവർക്ക് പോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കുട്ടിയുടെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും വികാസത്തിനും പോഷകസമൃദ്ധമായ വീട്ടിലെ ഭക്ഷണം ആവശ്യമാണ്.
എന്നാൽ സാഹചര്യങ്ങൾ കാരണം പോഷകസമൃദ്ധമായ ആഹാരം നൽകാൻ പിതാവിന് സാധിക്കുന്നില്ല. മാത്രമല്ല, 15 ദിവസം കുട്ടിക്ക് പിതാവുമായി മാത്രമേ സമ്പർക്കം ഉണ്ടാവുകയുള്ളൂ. മറ്റാരുമായും കുട്ടിക്ക് സഹവാസം ഉണ്ടാകില്ല എന്നതും കോടതി നിരീക്ഷിച്ചു. വർക്ക് ഫ്രം ജോലി ചെയ്യുന്ന അമ്മയ്‌ക്ക് എല്ലാ ദിവസവും കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. ഇതാണ് കുട്ടിയുടെ വളർച്ചയ്‌ക്കും ക്ഷേമത്തിനും ഉത്തമമെന്നും കോടതി വ്യക്തമാക്കി.