ഇസ്ലാമാബാദ്: ഭീകരസംഘടനകളുമായുള്ള പാകിസ്താന്റെ ചരിത്രപരമായ ബന്ധം അംഗീകരിച്ച് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും. കഴിഞ്ഞ ദിവസം പാക് പ്രതിരോധ മന്ത്രിയും സമാനരീതിയിലുളള കുറ്റസമ്മതം നടത്തിയിരുന്നു. പിന്നാലെയാണ് ഭരണകൂടത്തിന്റെ യുവ മുഖമായ ബിലാവലിന്റെ പ്രസ്താവനയും പുറത്ത് വന്നത്.
‘ പ്രതിരോധമന്ത്രി പറഞ്ഞത് ശരിയാണ്. പാകിസ്താന്റെ ഭൂതകാലം രഹസ്യമല്ല. പാകിസ്താന്റെ ഭീകരവാദ ചരിത്രം നിഷേധിക്കാൻ സാധിക്കില്ല. ഭീകരവാദത്തിന് പാകിസ്താൻ നൽകിയ പിന്തുണ പലപ്പോഴും തിരിച്ചടിച്ചു. ഇതിലൂടെ ചില പാഠങ്ങൾ പാകിസ്താൻ പഠിച്ചിട്ടുണ്ട്’, ബ്രിട്ടീഷ് മാദ്ധ്യമമായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബിലാവൽ ഭൂട്ടോ പറഞ്ഞു. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണവും ഇതേ മാദ്ധ്യമത്തിലൂടെയാണ് പുറത്ത് വന്നത്.
മൂന്ന് പതിറ്റാണ്ടായി തീവ്രവാദ സംഘടനകൾക്ക് ധനസഹായവും പിന്തുണയും പാകിസ്താൻ നൽകുന്നുണ്ടെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകൾ. ബിലാവലിന്റെ അഭിമുഖം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബിലാവലിന്റെ വാക്കുകളിൽ ഭയം വ്യക്തമാണ്, അദ്ദേഹം എക്സിൽ കുറിച്ചു















