മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നഡ ജില്ലാ ബന്ദിന് ആഹ്വാനം ചെയ്തു . ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ഹോട്ടലുകളും കടകളും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസ് സർവീസുകളും വ്യാപകമായി നിർത്തിവച്ചിരിക്കുന്നു. മംഗലാപുരത്ത് നിന്ന് ബണ്ട്വാളിലെ കരിഞ്ചയിലുള്ള പുലിമജലുവിലേക്ക് (സുഹാസ് ഷെട്ടിയുടെ വസതി) മൃതദേഹം ഘോഷയാത്രയായി കൊണ്ടുപോകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.
“ജിഹാദി ഇസ്ലാമിക ഭീകരരാണ് സുഹാസിനെ കൊലപ്പെടുത്തിയത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്, ഇതിനു പിന്നിൽ നിരോധിത പിഎഫ്‌ഐ ആണ്. അതുകൊണ്ടാണ് ഞങ്ങൾ ഒരു ബന്ദിന് ആഹ്വാനം ചെയ്തത്”. പോലീസ് വകുപ്പിന്റെ പരാജയത്തിനെതിരെ പോരാടുമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ദക്ഷിണ പ്രവിശ്യാ കൺവീനർ ശരൺ പമ്പ്‌വെൽ പറഞ്ഞു.
മംഗലാപുരം പോലീസ് കമ്മീഷണറേറ്റിന്റെ അധികാരപരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 2 ന് രാവിലെ 6 മണി മുതൽ മെയ് 6 ന് രാവിലെ 6 മണി വരെ ബിഎൻഎസ് സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മംഗളൂരു പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ കർശനമായ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ ബസ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മംഗളൂരു നഗരം ഉൾപ്പെടെ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് മുഴുവൻ ദിവസവും സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്‌ക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ സംഘടന അറിയിച്ചു. കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്നുണ്ട്. കടകളുടെ മുൻഭാഗങ്ങളും അടഞ്ഞുകിടക്കുന്നു.















