കൊച്ചി: സിപിഎമ്മിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സിപിഎം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പണം പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് കൊണ്ടാണ് ഹർജി കോടതി തള്ളിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് സംഭവം. തൃശൂർ ജില്ലാക്കമ്മിറ്റി ഒരു കോടി രൂപയുടെ നിക്ഷേപം ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു. പെരുമാറ്റചട്ടം നിലനിൽക്കുന്നതിനിടെയാണ് പണം പിൻവലിച്ചത്. വലിയ തുക പിൻവലിക്കുമ്പോൾ ബാങ്ക് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ആദായ നികുതി വകുപ്പിനെയും വിവരം അറിയിക്കും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വകുപ്പ് തുക കണ്ടുകെട്ടിയത്. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി വിശദമായി കേട്ട കോടതി, ആദായ നികുതി വകുപ്പിന്റെ പ്രവർത്തനം നിയമ പ്രകാരമാണെന്ന് നിരീക്ഷിച്ചു. വസ്തുതകൾ കൃത്യമായി വിലയിരുത്തിയാണ് വകുപ്പ് നടപടിയെടുത്തതെന്നും കോടതി പറഞ്ഞു. പണം പിടിച്ചെടുത്തിന് പിന്നാലെ വകുപ്പ് നടത്തി അന്വേഷണത്തിൽ അക്കൗണ്ടിന്റെ കെവൈസി അപ്ഡേറ്റ് സിപിഎം നടത്തിയിട്ടില്ലെന്ന് വ്യക്തമായിരുന്നു.















