ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ 90-ാം വയസിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. നടനായ സഞ്ജയ് കപൂർ, നിർമാതാവ് ബോണി കപൂർ, റീന കപൂർ എന്നിവരാണ് മറ്റുമക്കൾ.
അവരുടെ മരണത്തിന് തൊട്ടുപിന്നാലെ, മകനായ ബോണി കപൂർ, കൊച്ചുമകൾ ജാൻവി കപൂർ, ഖുഷി കപൂർ, ശിഖർ പഹാരിയ, ഷാനയ കപൂർ എന്നിവർ ലോഖണ്ഡ്‌വാലയിലെ കപൂർ കുടുംബ വീട്ടിലേക്ക് എത്തിയിരുന്നു. 2024 സെപ്റ്റംബറിൽ നിർമ്മൽ കപൂറിന്റെ 90-ാം ജന്മദിനം ആഘോഷിക്കാൻ മുഴുവൻ കപൂർ കുടുംബവും ഒന്നിച്ചിരുന്നു. ഖുഷി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു കുടുംബ ഫോട്ടോ പങ്കിട്ടിരുന്നു. അതിൽ സുനിത കപൂർ, അനിൽ കപൂർ, അർജുൻ കപൂർ, അൻഷുല കപൂർ തുടങ്ങിയവരും മറ്റു കുടുംബാംഗങ്ങളെയും കാണാമായിരുന്നു.
നിർമ്മലിനും സുരീന്ദറിനും നാല് മക്കളാണ്: അനിൽ, സഞ്ജയ്, ബോണി, മകൾ റീന കപൂർ. മൂന്ന് പേർ സിനിമാ മേഖലയിൽ എത്തിയെങ്കിലും റീന അതിന് തയാറായില്ല. അർജുൻ കപൂർ, സോനം കപൂർ, റിയ കപൂർ, ഹർഷ് വർധൻ കപൂർ, ജാൻവി കപൂർ, അൻഷുല കപൂർ, ഖുഷി കപൂർ, ഷാനയ കപൂർ, മോഹിത് മർവ എന്നിവരാണ് അവരുടെ പേരക്കുട്ടികൾ. അവരിൽ ഭൂരിഭാഗവും സിനിമ മേഖലയിലാണ് പ്രവർത്തിക്കുന്നത്.















