രുദ്രപ്രയാഗ്: ചാർധാം തീർത്ഥടനത്തിന്റെ ഭാഗമായി തുറന്ന കേദാർനാഥ് ക്ഷേത്രത്തിൽ ആദ്യ ദിനം ദർശനം നടത്തിയത് 30,000-ത്തിലധികം ഭക്തർ. മെയ് 2 ന് വൈകുന്നേരം 7 മണിക്ക് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കണക്കുകൾ പ്രകാരം – 19,196 പുരുഷന്മാരും 10,597 സ്ത്രീകളും ദർശനം നടത്തിയ തീർത്ഥാടകാരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഗർവാൾ റൈഫിൾസിന്റെ ഒരു ബാൻഡ് ഭക്തിഗാനങ്ങൾ ആലപിച്ചു.
ധാം പോർട്ടൽ ഉദ്ഘാടന ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും പങ്കെടുത്തു. കേദാർനാഥ് പരിസരത്ത് സംഘടിപ്പിച്ച മുഖ്യ സേവക് ഭണ്ഡാരയിൽ മുഖ്യമന്ത്രി ഭക്തർക്ക് പ്രസാദം വിതരണം ചെയ്തു. മെയ് 4 ന് ബദരീനാഥിന്റെ വാതിലുകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“രാജ്യമെമ്പാടുമുള്ള ഭക്തരെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ പൂർണ്ണമായും തയ്യാറാണ്. സംസ്ഥാന സർക്കാർ എല്ലാ തലങ്ങളിലും തീർത്ഥാടനത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. തീർത്ഥാടന പാതകളിൽ വിവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചാർ ധാം യാത്ര സംസ്ഥാനത്തിന്റെ ജീവനാഡി കൂടിയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് ഈ തീർത്ഥാടനം,” മുഖ്യമന്ത്രി പറഞ്ഞു.
കേദാർനാഥിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ അനുവദിച്ചതായും ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥിലേക്ക് റോപ്പ്‌വേ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.















