അമരാവതി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിച്ച ജനസേന നേതാവ്രാജ്യത്തിന്റെ ദുഃഖഭാരം മുഴുവൻ പ്രാധാനമന്ത്രി ഒറ്റയ്‌ക്ക് ചുമലിലേറ്റിയിരിക്കുകയാന്നെന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും സാന്നിധ്യത്തിൽ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തെ ഇന്ത്യയുടെ ഇരുണ്ട ദിനമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇരകളുടെ വേദന പങ്കുവച്ച അദ്ദേഹം ഈ പ്രതിസന്ധിയിലും ജനങ്ങൾക്ക് ധൈര്യം പകർന്ന് രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പവൻ കല്യാൺ പ്രശംസിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മോദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തന്റെ സംസ്ഥാനവും മുഴുവൻ രാജ്യവും അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് പറഞ്ഞു. ആന്ധ്രപ്രദേശിലെത്തിയ പ്രധാനമന്ത്രി 58,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.