അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിനിടെ ഡിആർഎസ് കോളിനെച്ചൊല്ലി ഫീൽഡ് അമ്പയറുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ട് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 224 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഹൈദരാബാദിന്റെ 14-ാം ഓവറിലയിരുന്നു സംഭവം.
സൺറൈസേഴ്‌സ് താരം അഭിഷേക് ശർമ്മയായിരുന്നു ക്രീസിൽ. പ്രസിദ്ധ് കൃഷ്‍ണയുടെ യോർക്കർ താരത്തിന്റെ ബൂട്ടിൽ കൊണ്ടത്തോടെ പന്തിൽ ഗിൽ എൽബിഡബ്ള്യുവിനായി അപ്പീൽ ചെയ്യുകയായിരുന്നു. എന്നാൽ അമ്പയർ ഇത് അവഗണിച്ചു. ഇതോടെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റിവ്യൂ എടുക്കാൻ തീരുമാനിച്ചു.
ബോൾ ട്രാക്കിംഗ് അമ്പയറുടെ തീരുമാനത്തെ ശരിവെക്കുന്നതായിരുന്നു. അതിനാൽ അഭിഷേക് ശർമ്മ വിക്കറ്റിനുമുന്നിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. ഇത് ശുഭ്മാനെ ഒട്ടും തൃപ്തനാക്കിയില്ല, ഇതോടെ താരം ഫീൽഡ് അമ്പയർമാരുമായി ഏറെനേരം രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി കാണപ്പെട്ടു. കാര്യങ്ങൾ വളരെ വഷളായതോടെ ശുഭ്മാനെ ശാന്തനാക്കാൻ അഭിഷേക് ശർമ്മ ഇടപെടേണ്ടി വന്നു. പന്ത് എവിടെയാണ് പിച്ച് ചെയ്തതെന്ന് വ്യക്തമാകാത്തതിനാൽ ബോൾ ട്രാക്കിംഗിൽ എന്തോ തകരാറുണ്ടെന്ന് പിന്നാലെ വ്യക്തമായി.
അമ്പയർമാരുടെ വിശദീകരണത്തിൽ അദ്ദേഹം തൃപ്തനായില്ല. തുടർന്ന് ഗുജറാത്ത് താരം മൈതാനത്തുനിന്ന് ഇറങ്ങിപ്പോയി. ഇതോടെ റാഷിദ് ഖാൻ താൽക്കാലിക ക്യാപ്റ്റനായി. ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ ശുഭ്മാൻ ഗിൽ വീണ്ടും മൈതാനത്തേക്ക്തിരിച്ചെത്തി. മത്സരം ഗുജറാത്ത് 38 റൺസിന് വിജയിച്ചു.