ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാകിസ്താനുമായുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും.
പാകിസ്താനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഇനി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല. പാകിസ്താനിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി ഇന്ത്യയിൽ നേരത്തെ കുറവായിരുന്നു. വളരെ ചുരുക്കം ചില സാധനങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നത്. പരോക്ഷമായി ചില സാധനങ്ങൾ മറ്റൊരു രാജ്യത്തെ ആശ്രയിച്ചുകൊണ്ടും ഇന്ത്യയിലേക്ക് എത്തുന്നുണ്ടായിരുന്നു. ഇതാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാകിസ്താനിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിൽ ഇറുക്കുമതി ചെയ്യില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാകിസ്താൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനുമായുള്ള സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ജലഗതാഗത മന്ത്രാലയം അറിയിച്ചു.
പാകിസ്താന്റെ കപ്പലുകളെ ഇന്ത്യൻ തുറമുഖം സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. അട്ടാരി- വാഗ അതിർത്തി അടച്ചുപൂട്ടിയതോടെ ഇന്ത്യ-പാക് വ്യാപാരം പൂർണമായും അവസാനിപ്പിച്ചതായി കേന്ദ്രം വ്യക്തമാക്കി. അട്ടാരി- വാഗ അതിർത്തി വഴിയുള്ള വ്യാപാരത്തിൽ വലിയ സാമ്പത്തികലാഭം നേടിയിരുന്ന പാകിസ്താന് ഇന്ത്യയുടെ നീക്കങ്ങൾ വൻ തിരിച്ചടിയാണ് ഉണ്ടാക്കികൊടുത്തത്.