ന്യൂഡൽഹി: പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്കേർപ്പെടുത്തിയെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇന്ത്യ-പാക് സമുദ്രാതിർത്തി അടച്ചതായി ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇന്ത്യയിലെ കപ്പലുകൾ പാകിസ്താനിലെ തുറമുഖങ്ങളിൽ നങ്കൂരമിടുന്നതും നിരോധിച്ചിട്ടുണ്ട്.
രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. മെർച്ചന്റ് ഷിപ്പിംഗ് ആക്ട് 411-ാം വകുപ്പ് പ്രകാരമാണിത്. രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെയും പൊതുസ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യൻ കപ്പലുകൾ പാകിസ്താന്റെ സമുദ്രാതിർത്തി ഭാഗത്തേക്ക് പോകരുതെന്നും കർശന നിർദേശമുണ്ട്. അതേസമയം, പാകിസ്താനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.















