ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർ ശ്രീലങ്കയിലുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം കൊളംബോ വിമാനത്താവളത്തിൽ പരിശോധന നടത്തി. ആറ് ഭീകരർ വിമാനത്തിൽ ഉണ്ടെന്നായിരുന്നു ഇന്റലിജൻസിന്റെ റിപ്പോർട്ട്. എന്നാൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ല.
ഉച്ചയ്‌ക്ക് 12 മണിക്ക് ചെന്നൈയിൽ നിന്ന് കൊളംബോ വിമാനത്താവളത്തിൽ എത്തിയ ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. ശ്രീലങ്കൻ എയർലൈൻസ് വഴി ഭീകരർ കൊളംബോയിൽ എത്തുമെന്നാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കൻ പൊലീസിനെ അറിയിച്ചത്.
ശ്രീലങ്കൻ പൊലീസ്, വ്യോമസേന, വിമാനത്താവള സുരക്ഷാ യൂണിറ്റുകൾ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വിമാനം എത്തിയ ഉടനെ വിശദമായി പരിശോധിച്ചെന്നും എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്നും ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു.















