തൃശൂർ: ആഘോഷനാളിലേക്ക് അടുത്ത് തൃശുവപേരൂർ നഗരി. തൃശൂർ പൂരത്തിന്റെ ഭാഗമായി ഇത്തവണ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കും. കഴിഞ്ഞ തവണയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചില കർശന നടപടികളും ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
4,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിക്കും. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെയായിരിക്കും പ്രധാന സ്ഥലങ്ങളിൽ വിന്യസിക്കുക. കെഎസ്ആർടിസി അമ്പതിലധികം അധിക സർവീസുകൾ നടത്തും. ഡിഎംഒയുടെ സർട്ടിഫിക്കറ്റ് പതിപ്പിച്ച ആംബുലൻസുകൾക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. ആനകളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേക സുരക്ഷാ നടപടികളുമുണ്ടാവും.
ടൂറിസ്റ്റുകൾക്ക് മാത്രമാണ് ഗ്യാലറി സംവിധാനം ഉണ്ടാവൂ. ഏതെങ്കിലും ജാതി-മത രാഷ്‌ട്രീയ സംഘടനകളുടെ ചിഹ്നങ്ങളോ പോസ്റ്ററുകളോ പൂര പറമ്പിൽ അനുവദിക്കില്ല. മെയ് ആറിനാണ് പൂരം. ഇത്തവണ 18 ലക്ഷത്തോളം ആളുകൾ പൂരത്തിന് എത്തുമെന്നാണ് നിഗമനം. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കും.















