ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പ് വിട്ടത് വ്യക്തപരമായ കാരണങ്ങളെ തുടർന്ന് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനെകുറിച്ച് പേസർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് നിലവിൽ. താത്കാലിക വിലക്കിനെ തുടർന്നാണ് താൻ നാട്ടിലേക്ക് പോയതെന്നാണ് പേസറുടെ വെളിപ്പെടുത്തൽ.
സാഹചര്യം വിശദീകരിക്കാൻ റബാഡ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉൻമേഷം നൽകാനുള്ള ലഹരി ഉപയോഗത്തെ തുടർന്നാണ് താരത്തിന് വിലക്ക് ലഭിച്ചിരിക്കുന്നത്. സ്വയം ചിന്തിക്കാനും മെച്ചപ്പെടാനുമുള്ള അവസരമായി താൻ ഈ സമയത്തെ കാണുമെന്നും പേസർ വ്യക്തമാക്കി.
അതേസമയം എന്തുതരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചതെന്ന് താരം പ്രസ്താവനയിൽ വ്യക്തമാക്കിയില്ല. ഏത് പരിശോധനയിലാണ് കണ്ടെത്തിയതെന്നും റബാഡ വിശദീകരിക്കാൻ തയാറായില്ല. നിരാശപ്പെടുത്തിയ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും റബാഡ പറഞ്ഞു. ഞാൻ ഇപ്പോൾ ഒരു താത്കാലിക വിലക്കിലാണ്. ഞാൻ ഏറെ സ്നേഹിക്കുന്ന ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ കാത്തിരിക്കുന്നതായും അദ്ദേഹം കുറിച്ചു.