കാമുകനൊപ്പം ജീവിക്കാൻ പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഹൈദറെ കൊലപ്പെടുത്താൻ ശ്രമം. ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവാണ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുജറാത്ത് സ്വദേശിയായ യുവാവാണ് ആക്രമണത്തിന് പിന്നിൽ. തേജസ് ഝാനി എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. നിരവധി തവണ കരണത്തടിച്ച ശേഷമാണ് സീമയുടെ കഴുത്ത് ഞെരിക്കാൻ അയാൾ ശ്രമിച്ചത്.
പൊലീസ് റിപ്പോർട്ട് പ്രകാരം ഇയാൾ ഡൽഹി വഴി ട്രെയിൻ മാർഗമാമ് റബുപുരയിലെത്തിയത്. സീമയുടെ വീട്ടിലെത്തിയ ശേഷം പ്രതി തുടർച്ചയായി വാതിലിൽ ചവിട്ടി. ബഹളം കേട്ട് സീമ വാതിൽ തുറന്നതോടെ കടന്നുപിടിച്ച പ്രതി ഇവരെ കഴുത്ത് ഞെരിക്കുകയായിരുന്നു. ഇവർ പ്രതിരോധിച്ചതോടെ മർദിക്കുകയായിരുന്നു.
തുടർന്ന് ബഹളം കേട്ടെത്തിയ സീമയുടെ വീട്ടുകാരും അയൽക്കാരും ചേർന്ന് പ്രതിയെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരെ സീമയും സച്ചിനും ചേർന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിൽ പ്രതിക്ക് മാനസിക നില തകരാറിലാണെന്ന് വ്യക്തമായി. ഇയാളുടെ വീട്ടുകാരെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.