തൃശൂർ: എല്ലാ പ്രാവിശ്യവും ടിവിയിലാണ് പൂരം കാണുന്നതെന്നും എന്നാൽ ഇത്തവണ ജനങ്ങളോടൊപ്പം പൂരം കാണാനുള്ള അനുഗ്രഹമുണ്ടായെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണ ജനങ്ങൾക്കൊപ്പം നിന്ന് പൂരം കാണണം. നേരിട്ട് പൂരം കാണാൻ കഴിഞ്ഞത് തൃശൂറുകാരുടെ അനുഗ്രഹമാണ്. ആ അനുഗ്രഹം നുകർന്ന് അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
“ആചാരാനുഷ്ഠാനങ്ങൾ നടത്തേണ്ട അവകാശങ്ങൾക്ക് നിയന്ത്രണങ്ങൾ തടസമാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പേർക്ക് വെടിക്കെട്ട് കാണാൻ സാധിക്കുമായിരുന്നു. ലോക്സഭയിൽ മുനമ്പം വിഷയത്തിന്റെ ചർച്ചകൾ നടന്ന സമയത്ത്, ഇത്തവണ ഒരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നെ അറിയിച്ചിരുന്നു. റിംഗ് റോഡ് മുഴുവൻ ജനങ്ങളെ നിർത്താനുള്ള പരിധി നിശ്ചയിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകാൻ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ നടപടി ക്രമങ്ങൾ സ്വീകരിക്കുമെന്നും വാക്ക് നൽകി”.
അന്ന് രാത്രിയാണ് ഒരു സ്ഥലത്ത് വെടിക്കെട്ട് അപകടത്തിൽ 18 പേർ മരിച്ചത്. അടുത്ത ദിവസം എന്നെ വിളിച്ചുപറഞ്ഞു, ഇത് കോടതിയുടെ പരിഗണനയിലാണെന്നും ശക്തികൂടുമെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ പൂരം ആസ്വാദകരും ഭക്തരും അച്ചടക്കത്തോടെ പങ്കെടുക്കുകയാണെങ്കിൽ കുറച്ചുകൂടി ഇളവ് കിട്ടുന്നതായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.