തിരുവനന്തപുരം: കണ്ണൂരിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച മുഴുപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി മാത്രമായ കെ കെ രാഗേഷ് എന്ത് പ്രോട്ടോകോൾ പ്രകാരമാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്
“മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംഘാടകർ ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് വേദിയിൽ എത്തിയത്. അന്വേഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് രാഗേഷിനെ ഉൾപ്പെടുത്തിയത് എന്ന് മനസിലായി. സിപിഎം ജില്ലാ സെക്രട്ടറിയെ സർക്കാർ പരിപാടിയുടെ വേദിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇടപെടാമെങ്കിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയൊരു പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ആ വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിനും ഇടപെടാം. പാടത്ത് പണിയും വരമ്പത്ത് കൂലിയും എന്താണ് എന്ന് സിപിഎമ്മിന് ഇപ്പോൾ മനസ്സിലാക്കി കാണും”. പി കെ കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു.
“വിഴിഞ്ഞം പദ്ധതി ഉദ്‌ഘാടനത്തിന്റെ അന്തിമ അവലോകനത്തിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും ചെറുമകനും പങ്കെടുത്തത് എന്ത് പ്രോട്ടോകോൾ പ്രകാരമാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണം. ഒരു മന്ത്രിയായിട്ടല്ല ഡിവൈഎഫ്ഐയുടെ ഒരു നേതാവായിട്ടാണ് റിയാസിന്റെ തറപ്രയോഗം .ഇപ്പോൾ ആരാണ് അല്പനെന്നും ആരാണ് അല്പത്തരം കാണിക്കുന്നതെന്നും കേരള സമൂഹത്തിന് മനസ്സിലായി. പൊതുജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ റിയാസ് തയ്യാറാകണം. “പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു