പാക് സൈന്യത്തെ കുറിച്ചുള്ള ഗായകൻ അദ്നാൻ സാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. സൈന്യമാണ് പാകിസ്താനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഇക്കാര്യം മുൻകൂട്ടി അറിയാവുന്നത് കൊണ്ടാണ് താൻ രാജ്യം വിട്ടതെന്നും സാമി പറഞ്ഞു.
അയർബൈജാനിലെ ബാക്കുവിൽ വച്ച് ഒരു സംഘം പാകിസ്താനി യുവാക്കളെ കണ്ടുവെന്ന് അദ്നാൻ സാമി പറഞ്ഞു. ” സർ, നിങ്ങൾ ഭാഗ്യവാനാണ്. കാരണം നല്ല സമയത്താണ് നിങ്ങൾ പാകിസ്താൻ വിട്ടത്. ഞങ്ങൾക്കും പൗരത്വം നേടണം. നമ്മുടെ സൈന്യത്തെ അങ്ങേയറ്റം വെറുക്കുന്നു. അവരാണ് നമ്മുടെ രാജ്യം നശിപ്പിച്ചത്”- ഇതായിരുന്നു യുവാക്കളുടെ വാക്കുകൾ. യുവാക്കൾക്ക് സാമി നൽകിയ മറുപടിയാണ് പോസ്റ്റിന്റെ പ്രധാന ഹൈലൈറ്റ്. എനിക്ക് ഇത് വളരെ മുമ്പേ അറിയാമായിരുന്നു അതിനാലാണ് രാജ്യം വിട്ടതെന്നുമായിരുന്നു സാമിയുടെ വാക്കുകൾ.
യുകെയിൽ ജനിച്ച സാമി 2001 ലാണ് ഇന്ത്യയിൽ താമസം തുടങ്ങിയത്. സാമിയുടെ അച്ഛൻ പാക് വംശജനാണ്. അമ്മ ഇന്ത്യക്കാരിയും. 2016 ലാണ് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വം നേടിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക് പൗരൻമാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ പാക് മുൻ മന്ത്രിയുമായി സാമി കൊമ്പുകോർത്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ‘അദ്നാൻ സാമിയുടെ കാര്യമോ?’ എന്നായിരുന്നു മുൻ മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റ്. ‘ഇങ്ങനെയുള്ള മന്ത്രിമാരാണ് പാകിസ്താൻ ഭരിച്ചതെന്നും ഈ നിരക്ഷര വിഡ്ഢിയോട് ആര് മറുപടി പറയും’ എന്നായിരുന്നു സാമി പ്രതികരണം..















