തിരുവനന്തപുരം : കേരള സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനാ നേതാവിന് യു ജി സി ചട്ടം മറികടന്ന് സ്ഥാനക്കയറ്റം നൽകാനുള്ള ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നീക്കം അംഗീകരിക്കില്ലെന്നു സിൻഡിക്കേറ്റ് മെമ്പർമാർ.
“2018ലെ യുജിസി റെഗുലേഷൻ, സർവ്വകലാശാലാ അധ്യാപകരുടെ പ്രമോഷന് പരിഗണിക്കാവുന്ന മുൻകാല താൽക്കാലിക സേവന വ്യവസ്ഥകൾ സംബന്ധിച്ച് കൃത്യമായ നിർവചനം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് യോഗ്യത, നിയമന രീതി എന്നിവയ്‌ക്ക് സ്ഥിരാധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങൾ തന്നെയാണ് താൽക്കാലിക അധ്യാപക നിയമനത്തിനും പരിഗണിക്കേണ്ടതെന്ന് യുജിസി ചട്ടം കൃത്യമായി നിർവചിക്കുന്നുണ്ട്. 2018ലെ യുജിസി റെഗുലേഷൻ അംഗീകരിച്ചുകൊണ്ട് 2021 ൽ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുക്കുകയും തുടർന്ന് അത് യൂണിവേഴ്സിറ്റി ഉത്തരവായി ഇറങ്ങിയിട്ടുള്ളതുമാണ്. എന്നാൽ ഇതിന് കടകവിരുദ്ധമായി സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗവും അധ്യാപക സംഘടനാ നേതാവും ആയ ഒരു വ്യക്തിക്ക് വേണ്ടി സർവ്വകലാശാലാ ചട്ടങ്ങൾ കാറ്റിൽ പറത്തി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നതാണ്. മാത്രമല്ല; ഒരു തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതുമാണ്”. സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
സർവ്വകലാശാലാ റാങ്കിങ്ങിൽ മികവാർന്ന സ്ഥാനം അലങ്കരിക്കുന്ന കേരള സർവകലാശാലയെ പിന്നോട്ട് അടിക്കുവാൻ ഇടവരുത്തുന്നതാണ് ഇത്തരം വഴിവിട്ട നീക്കങ്ങൾ എന്നും അവർ അഭിപ്രായപ്പെട്ടു.
സംഘടനാ നേതാവിന് വഴിവിട്ട് സ്ഥാനക്കയറ്റം നൽകാൻ ഭൂരിപക്ഷമുപയോഗിച്ച് കഴിഞ്ഞ സിൻഡിക്കേറ്റിലെടുത്ത തീരുമാനം നടപ്പാക്കാതെ വൈസ് ചാൻസലർ ചാൻസലറുടെ പരിഗണനയ്‌ക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിലാണ് ഇന്നലെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നത്. ചട്ടവിരുദ്ധ തീരുമാനം അംഗീകരിക്കില്ലെന്ന് ഗവർണർ നാമനിർദേശം ചെയ്ത സിൻഡിക്കേറ്റംഗങ്ങൾ ആവർത്തിച്ചപ്പോൾ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് ഇടത് സിൻഡിക്കേറ്റംഗങ്ങളും വാശി പിടിച്ചു. ഇതേച്ചൊല്ലി യോഗത്തിൽ സി പി എം – ബി ജെ പി അംഗങ്ങൾ തമ്മിൽ ഏറെ നേരം വാദപ്രതിവാദങ്ങൾ നടന്നു.















