മലപ്പുറം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ വൃദ്ധമാതാവിന് നീതി. പെറ്റമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മകനും കുടുംബത്തിനും എതിരെ നടപടിയുമായി ജില്ലാ ഭരണകൂടം.
തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. അമ്പലപ്പടി സ്വദേശി രാധയ്‌ക്ക് എഴുപത്തിയെട്ട് വയസ്സുണ്ട്. മകനിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള ശാരീരിക- മാനസിക പീഡനങ്ങൾ രാധമ്മ സഹിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തോളമായി. സഹനത്തിന്റെ നെല്ലിപ്പലക കണ്ടതോടെ 2021ൽ രാധമ്മ ആർഡിഒയ്‌ക്ക് പരാതി നൽകി. അമ്മയ്‌ക്കെതിരെ സ്വന്തം മകൻ ജില്ലാകളക്ടറെ സമീപിച്ചു. അമ്മയുടെ അവസ്ഥ മനസ്സിലാക്കിയ കളക്ടർ അനുകൂല ഉത്തരവിട്ടു. ഇതിനെതിരെ മകൻ ഹൈക്കോടതിയിലും എത്തി. ഹൈക്കോടതിയും അമ്മയ്‌ക്ക് അനുകൂലമായാണ് വിധി പ്രഖ്യാപിച്ചത്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വീട്ടിൽ നിന്നും ഇറങ്ങാൻ മകൻ കൂട്ടാക്കിയില്ല. കൂടുതൽ സമയം അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. ഒടുവിൽ അഞ്ച് ദിവസം നൽകിയെങ്കിലും വീട് വിട്ടുനൽകാൻ മകൻ തയ്യാറായില്ല. ഇതോടെ ജില്ലാഭരണകൂടം നടപടി വേഗത്തിലാക്കി. ഇന്നലെ വൈകുന്നേരത്തോടെ സബ് കളക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. തിരൂരങ്ങാടി പൊലീസും ഇവർക്കൊപ്പമുണ്ടായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് പൂട്ട് പൊളി ഉദ്യോഗസ്ഥർ വീട്ടിൽ കയറി. മകനെയും കുടുംബത്തേയും ഒഴിപ്പിച്ച് കിടപ്പാടം രാധമ്മയ്‌ക്ക് കൈമാറുകയായിരുന്നു.















