പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ. മേഖലാ സെക്രട്ടറി ജോജോ. കെ. വിൽസൻ, പ്രസിഡന്റ് എബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പ്രതികൾ മദ്യപിച്ച് സംഘർഷമുണ്ടാക്കിയിരുന്നു. പിന്നാലെ സ്ഥലംവിട്ട പ്രതികൾ തിരിച്ചെത്തി അക്രമം നടത്തുകയായിരുന്നു. ക്ഷേത്ര ബലിക്കൽ പുരയിൽ കയറി മുത്തുക്കുട നശിപ്പിക്കുകയും മൈക്കും കസേരയും മറ്റ് വസ്തുക്കളും വലിച്ചെറിയുകയും ചെയ്തു. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തജനങ്ങളെ അസഭ്യം പറഞ്ഞും പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തടയാൻ ശ്രമിച്ച ക്ഷേത്രം ജീവനക്കാരെ ഇവർ മർദ്ദിക്കുകയും ചെയ്തു.
പാർട്ടി പിന്തുണയോടെയാണ് പ്രതികൾ അക്രമം അഴിച്ച് വിട്ടതെന്ന് ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു. മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ക്ഷേത്രം അധികൃതരെ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതി പ്രദേശത്ത് ഹർത്താൽ ആചരിച്ചിരുന്നു.