മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിക്ക് വിപണിയില്‍ തണുത്ത അരങ്ങേറ്റം. ചൊവ്വാഴ്ച 2.2% മാത്രം ലിസ്റ്റിംഗ് നേട്ടത്തിലാണ് ഏഥര്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 321 രൂപയ്‌ക്ക് ഇഷ്യു ചെയ്ത ഓഹരികള്‍ 328 രൂപയിലാണ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്.
എന്നാല്‍ വിപണി വികാരം പൊതുവെ ദുര്‍ബലമായിരുന്നതിനാല്‍ ഏഥറിനും തുടക്ക നേട്ടം ഉണ്ടാക്കാനായില്ല. വൈകാതെ 4% ഇടിഞ്ഞ് 308.95 രൂപയെന്ന താഴ്ന്ന ഇന്‍ട്രാഡേ നിലയിലെത്തി ഓഹരി.
2,981 കോടി രൂപയുടെ ഏഥര്‍ ഐപിഒ 1.43 മടങ്ങാണ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. റീട്ടെയ്‌ലര്‍മാരടക്കം എല്ലാ വിഭാഗങ്ങളിലും ഡിമാന്‍ഡ് കുറവായിരുന്നു. ഉയര്‍ന്ന വിലനിര്‍ണ്ണയവും ഇവി മേഖലയിലെ തിരിച്ചടികളുമാണ് ദുര്‍ബലമായ പ്രകടനത്തിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.
”പ്രതീക്ഷിച്ചതുപോലെ, ആക്രമണാത്മക മൂല്യനിര്‍ണ്ണയം കണക്കിലെടുക്കുമ്പോള്‍, പ്രത്യേകിച്ച് പ്രധാന എതിരാളിയായ ഒല ഇലക്ട്രിക്കിനോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു ഫ്‌ളാറ്റ് ലിസ്റ്റിംഗ് ന്യായീകരിക്കാന്‍ കഴിയും,” മേഹ്ത്ത ഇക്വിറ്റീസ് ലിമിറ്റഡിലെ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
”ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം വളരെ മത്സരാധിഷ്ഠിതവും മൂലധനം ആവശ്യമുള്ളതുമായി തുടരുന്നു. വിപണിയിലെ മുന്‍നിര കമ്പനികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളും ഇപ്പോഴും ബിസിനസ് ലാഭത്തിലെത്തിക്കാന്‍ പാടുപെടുന്നു. ഹ്രസ്വകാലം മുതല്‍ മീഡിയം ടേം വരെയുള്ള അസ്ഥിരതകള്‍ താങ്ങാവുന്ന, റിസ്‌ക് എടുക്കാവുന്ന നിക്ഷേപകരോട്് മാത്രം ‘ഹോള്‍ഡ്’ ചെയ്യാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. യാഥാസ്ഥിതിക നിക്ഷേപകര്‍ സ്റ്റോക്ക് കൂടുതല്‍ ന്യായമായ മൂല്യനിര്‍ണ്ണയത്തില്‍ സ്ഥിരത കൈവരിക്കുന്നതുവരെ കാത്തിരിക്കണം,’ തപ്‌സെ കൂട്ടിച്ചേര്‍ത്തു.
ടൂവീലര്‍ ഇവി മേഖല ഇപ്പോഴും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ളതാണെന്നും ബിസിനസ് പ്രകടനത്തിലും സ്റ്റോക്ക് വിലയിലും ശക്തമായ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ടെന്നും തപ്സെ കൂട്ടിച്ചേര്‍ത്തു.
2013 ല്‍ സ്ഥാപിതമായ ഏഥര്‍ തങ്ങളുടെ സ്‌കൂട്ടറുകള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്യുകയും 300 നഗരങ്ങളിലായി 2,600-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഉല്‍പ്പന്ന നിരയില്‍ ഏഥര്‍ 450 ഉം ഏഥര്‍ റിസ്റ്റയും ഉള്‍പ്പെടുന്നു.
മഹാരാഷ്‌ട്രയില്‍ ഒരു പുതിയ ഫാക്ടറിക്ക് ധനസഹായം നല്‍കുന്നതിനും കടം തിരിച്ചടയ്‌ക്കുന്നതിനും ഗവേഷണ വികസനത്തില്‍ നിക്ഷേപിക്കുന്നതിനും ഐപിഒ വരുമാനം ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍, ഏഥര്‍ 1,754 കോടി രൂപയുടെ വരുമാനവും 1,059 കോടി രൂപയുടെ അറ്റനഷ്ടവും രേഖപ്പെടുത്തി.















