ന്യൂഡൽഹി : ‘ഭാരത് മാതാ കീ ജയ്’, പാകിസ്താനിലും പാകിസ്താൻ അധിനിവേശ ജമ്മു കശ്മീരിലുമായുളള ഒമ്പത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്താൻ ഇന്ത്യൻ സായുധ സേന ആരംഭിച്ച ‘ ഓപ്പറേഷൻ സിന്ദൂറിന്റെ’ആദ്യ ഘട്ടത്തിന് ശേഷം ഭാരത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തന്റെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചു . X-ലെ ഒരു പോസ്റ്റിൽ, അദ്ദേഹം “ജയ് ഹിന്ദ്! ജയ് ഹിന്ദ് കീ സേന!” എന്നെഴുതി.
ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. ‘കൃത്യമായ രീതിയിൽ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്.പാക്കിസ്താന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പ്രസ്താവിച്ചിട്ടുണ്ട്. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വാർത്ത. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു പത്തുമണിക്കുള്ള വാർത്താ സമ്മേളനത്തിൽ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു.