ന്യൂഡൽഹി: പഹൽഗാമിന് കൃത്യമായ മറുപടി നൽകാൻ ഭാരതത്തിന് കരുത്തേകിയത് റഫാൽ യുദ്ധവിമാനങ്ങളും സ്കാൽപ് മിസൈലുകളുമെന്ന് റിപ്പോർട്ട്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യയ്‌ക്കുള്ളിൽ ഇരുന്ന് കൊണ്ട് സൈന്യം ചുട്ടെരിച്ചത്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഒപ്പം സാധാരണക്കാരുടെ ജീവൻ പൊലിയരുതെന്ന നിർബന്ധവുമുണ്ട്. അതിനാൽ അതീവ കൃത്യതയുള്ള യുദ്ധോപകരങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായതെന്നാണ് വിവരം. റഫാൽ യുദ്ധവിമാനങ്ങളിൽ നിന്നാണ് സ്കാൽപ്പ് മിസൈലുകൾ ഇന്ത്യ തൊടുത്തുവിട്ടത്. പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ ഉള്ളിലാണ് പല ഭീകരകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അവിടേക്കാണ് ഇന്ത്യ മിസൈലുകളും ബോംബുകളും കൃത്യമായി കുതിച്ചത്..
സ്കാൽപ്പ് മിസൈലുകൾ
450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് സ്കാൽപ്പ് ക്രൂയിസ് മിസൈലുകൾ. സ്റ്റോം ഷാഡോ എന്നും ഇവ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തച്ചുടയ്‌ക്കാൻ ഇവയ്‌ക്ക് ശേഷിയുണ്ട്. എത്ര പ്രതികൂല കാലാവസ്ഥയിലും ഇവ പ്രവർത്തിക്കും. മിസൈലിലെ ഇൻഫ്രാറെഡ് സംവിധാനം പ്രദേശത്തിന്റെ കൃത്യതയും നാശനഷ്ടവും ഉറപ്പാക്കാൻ സഹായിക്കുന്നു. യൂറോപ്യൻ കൺസോർഷ്യമായ എംബിഡിഎയാണ് മിസൈൽ നിർമ്മാതാക്കൾ. റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ ആദ്യം തൊടുത്ത വിട്ടത് സ്കാൽപ്പ് ക്രൂയിസ് മിസൈലുകളാണ്.
ഹാമർ ബോംബുകൾ
ലഷ്കർ ഇ തൊയ്ബയും ജെയ്ഷ്-ഇ-മുഹമ്മദിന്റെയും പരിശീലന കേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന ബങ്കറുകൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയ തകർക്കാനാണ് ഹാമർ ബോംബുകൾ ഉപയോഗപ്പെടുത്തിയത്. 70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകൾ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്‌സറ്റന്‍ഡഡ് റേഞ്ച്. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു എയർ-ടു-ഗ്രൗണ്ട് യുദ്ധോപകരണമാണ്. ജിപിഎസ്, ഇൻഫ്രാറെഡ്– ലേസർ രശ്മികൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാൽ അതിന്റെ സഹായത്താൽ കൂറ്റൻ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാൻ സാധിക്കും. റഫാല്‍ വിമാനങ്ങളില്‍ ഒരുസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും
ഫ്രഞ്ച് കമ്പനിയായ സഫ്രാനാണ് ഇതിന്റെ നിർമാതാക്കൾ.
കാമികാസ ഡ്രോണുകൾ
കാമികാസ ഡ്രോണുകൾ അഥവാ ആത്മഹത്യ ഡ്രോണുകളും ഓപ്പറേഷന് ഉപയോഗിച്ചെന്നും റിപ്പോർട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനം എന്ന് വിളിക്കാവുന്ന ഇവ ശത്രു പാളയത്തിലേക്ക് നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കും.
റഫാൽ യുദ്ധവിമാനങ്ങൾ
15.30 മീറ്ററാണ് വിമാനത്തിന്റെ നീളം. 10.90 മീറ്റർ നീളമുള്ള ചിറകുകളും 5.30 മീറ്റർ ഉയരവുമുള്ള റഫാൽ 24.5 ടൺ ഭാരം വരെ വഹിക്കും. ഇതിന് പുറമേ ബാഹ്യമായി 9.5 ടൺ ഭാരവും വഹിക്കാൻ കഴിയും. മണിക്കൂറിൽ 1,389 കിലോമീറ്റർ വേഗതയിൽ 50,000 അടി ഉയരത്തിൽ വരെ പ്രതിരോധം തീർക്കാൻ സാധിക്കും. ആണവമിസൈലുകൾ കൊണ്ടുള്ള ആക്രമണത്തിനും ശേഷിയുണ്ട്. ആക്രമിക്കുന്ന ശത്രു മിസൈലുകൾ വഴിതിരിച്ചുവിടും രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചതും റഫാലായിരുന്നു.