കാൺപൂർ: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയും അഭിനന്ദിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുകയും ‘ഓപ്പറേഷൻ സിന്ദൂർ’ കൊല്ലപ്പെട്ട തന്റെ ഭർത്താവിനുള്ള യഥാർത്ഥ ആദരവാണെന്നും വിശേഷിപ്പിച്ചു.
“എന്റെ ഭർത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്തതിന് പ്രധാനമന്ത്രി മോദിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മുഴുവൻ കുടുംബത്തിനും അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം മറുപടി നൽകിയ രീതി (പാകിസ്താനോട്), ഞങ്ങളുടെ വിശ്വാസം നിലനിർത്തി. ഇതാണ് എന്റെ ഭർത്താവിനുള്ള യഥാർത്ഥ ആദരാഞ്ജലി. എന്റെ ഭർത്താവ് എവിടെയായിരുന്നാലും ഇന്ന് അദ്ദേഹം സമാധാനത്തോടെയിരിക്കും,” അശാന്യ ദ്വിവേദി പറഞ്ഞു.
മെയ് 3 ന് വേദ മന്ത്രങ്ങൾ ചൊല്ലി അശാന്യ ദ്വിവേദി തന്റെ ഭർത്താവിന്റെ ചിതാഭസ്മം പ്രയാഗ്‌രാജിലെ സംഗമത്തിൽ നിമജ്ജനം ചെയ്യുന്ന ദൃശ്യങ്ങൾ രാജ്യം വേദനയോടെയാണ് കണ്ടത്. ഈ വർഷം ഫെബ്രുവരി 12 നായിരുന്നു ശുഭത്തിന്റെയും അശാന്യയുടെയും വിവാഹം. കാൺപൂർ സ്വദേശിയായ ശുഭം ദ്വിവേദി ഭാര്യയ്‌ക്കും സഹോദര ഭാര്യയ്‌ക്കുമൊപ്പമാണ് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലേക്ക് വിനോദയാത്ര പോയത്. ഭീകരരുടെ ആക്രമണത്തിൽ തലയ്‌ക്ക് വെടിയേറ്റ ശുഭം തൽക്ഷണം കൊല്ലപ്പെടുകയായിരുന്നു.