ബെംഗളൂരു: പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ മിഷൻ സിന്ദൂരിന് പിന്നാലെ ഇരട്ടത്താപ്പ് വ്യക്തമാക്കി കർണാടക കോൺഗ്രസ് ഘടകത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എക്‌സിൽ മഹാത്മാഗാന്ധിയുടെ “മനുഷ്യരാശിയുടെ ഏറ്റവും ശക്തമായ ആയുധം സമാധാനമാണ് ” എന്ന ഉദ്ധരണിയാണ് കോൺഗ്രസ് പോസ്റ്റ് ചെയ്തത്. തിരിച്ചടി വേണ്ടിയിരുന്നില്ലെന്ന് അർത്ഥം വെയ്‌ക്കുന്ന പോസ്റ്റ് കനത്ത വിമർശനം നേരിട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിൽ ഇന്ത്യൻ സായുധ സേന വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ് വന്നത്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു സൈനിക നടപടി.
ഇന്ത്യൻ സൈന്യത്തിന്റെ അഭിനന്ദിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽ ഗാന്ധിയും എകെ ആന്റണിയുമുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് കർണാടക കോൺഗ്രസ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയത്. എന്നാൽ പാകിസ്താന്റെ ഭീകരാക്രമണത്തെ നിസാരവൽക്കരിക്കുന്ന കോൺഗ്രസിന്റെ പോസ്റ്റിനെതിരെ കർണാടക ബിജെപി ഘടകം ശക്തമായി തിരിച്ചടിച്ചു.
“കർണാടക കോൺഗ്രസ് ഈ രീതിയിൽ ട്വീറ്റ് ചെയ്തത് അത്യധികം ഞെട്ടിപ്പിക്കുന്നതും നിർഭാഗ്യകരവുമാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ഉത്തരം പറയണം. കോൺഗ്രസ് പാർട്ടി പാകിസ്താനും തീവ്രവാദികൾക്കും ഒപ്പമാണോ അതോ ഇന്ത്യയ്‌ക്കൊപ്പമാണോ നിലകൊള്ളുന്നത്?” ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ചോദിച്ചു.