മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തിന് ശേഷവും പിടിച്ചുനിന്ന് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച രാവിലെ കുത്തനെ വീണെങ്കിലും വൈകാത വിപണി വലിയ തിരിച്ചുവരവ് നടത്തി.
സെന്‍സെക്‌സ് ഇന്നലത്തെ ക്ലോസിംഗ് ലെവലായ 80,641.07 ല്‍ നിന്ന് 692 പോയന്റ് താഴ്ന്ന് 79,948.80 ലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വൈകാതെ 200 പോയന്റോളം തിരികെ പിടിച്ച് 80,845 ലെത്തി. നിഫ്റ്റി 50 യും സമാനമായാണ് പ്രതികരിച്ചത്.
അര്‍ദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തിയതോടെ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് പ്രതീക്ഷിച്ചിരുന്നത്. സാധാരണയായി സൈനിക ആക്രമണങ്ങള്‍ വിപണിയുടെ വികാരത്തെ താഴോട്ടടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍ ഇടിവ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.
രണ്ട് കാരണങ്ങളാണ് വിപണി പിടിച്ചു നിന്നതിന് ഉപോദ്ബലകമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
തിരിച്ചടിയുടെ സ്വഭാവം
ഓപ്പറേഷന്‍ സിന്ദൂറിന്റെ പരിമിത സ്വഭാവമാണ് വിപണി മുഖ്യമായും കണക്കിലെടുത്തതെന്ന് ഡോ. വിജയകുമാര്‍ പറയുന്നു. പാകിസ്ഥാനിലെ ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ട് സൂക്ഷ്മവും കൃത്യവുമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ത്യയുടെ തിരിച്ചടി വിപണിയെ ബാധിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എഫ്‌ഐഐകള്‍ ശക്തം
വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) ശക്തമായ സാന്നിധ്യമാണ് മറ്റൊരു അുകൂല ഘടകം.
‘ഇപ്പോള്‍ വിപണിയുടെ പ്രധാന ഉത്തേജകം തുടര്‍ച്ചയായ എഫ്ഐഐ വാങ്ങലുകളാണ്. കഴിഞ്ഞ 14 വ്യാപാര സെഷനുകളിലായി 43,940 കോടി രൂപ എഫ്‌ഐഐകള്‍ ഇന്ത്യയില്‍ നിക്ഷേപിച്ചു,’ ഡോ. വിജയകുമാര്‍ പറഞ്ഞു. ‘ദുര്‍ബലമായ ഡോളര്‍, യുഎസിലെയും ചൈനയിലെയും മന്ദഗതിയിലുള്ള വളര്‍ച്ച, ഇന്ത്യയുടെ ആപേക്ഷിക പ്രകടനം തുടങ്ങിയ ആഗോള മാക്രോകളില്‍ എഫ്ഐഐകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭൗമരാഷ്‌ട്രീയ അപകടസാധ്യതകള്‍ക്കിടയിലും ഇത് വിപണിയെ സ്ഥിരമായി നിലനിര്‍ത്തും.’ അദ്ദേഹം നിരീക്ഷിച്ചു.
ലാര്‍ജ് കാപ് ഓഹരികളിലാണ് എഫ്‌ഐഐകള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ ചാഞ്ചാട്ട സാധ്യത
ഇതൊക്കെയാണെങ്കിലും വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. സൈനിക നടപടികളിലെ വര്‍ധന, ആഗോള താരിഫ് സമ്മര്‍ദ്ദങ്ങള്‍, മേയ് 7 ലെ യുഎസ് കേന്ദ്ര ബാങ്ക് നയ പ്രഖ്യാപനം എന്നിവ വിപണിയിലെ ച്ഞ്ചാട്ടം വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന് മെഹ്ത ഇക്വിറ്റീസിലെ സീനിയര്‍ വൈസ് പ്രസിഡന്റായ പ്രശാന്ത് തപ്‌സെ പറയുന്നു.
കറാച്ചിയില്‍ 6% തകര്‍ച്ച
ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഓഹരി വിപണിയില്‍ പരിഭ്രാന്തി. പാകിസ്ഥാനിലെ പ്രധാന വിപണി സൂചികയായ കറാച്ചി-100, 6% ഇടിഞ്ഞു. 6272 പോയന്റ് ഇടിഞ്ഞ് 107,296.64 ലേക്കാണ് പാക് വിപണി വീണത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കെഎസ്ഇ-100, 3.7% ഇടിഞ്ഞിരുന്നു.















