മലപ്പുറം: ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി കരുവന്തോടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് ഗുൽമാർഗ് സ്റ്റേഷനിൽ നിന്നും ബന്ധുക്കൾക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25 കിലോമീറ്റർ അകലെയാണ് പ്രദേശം. പുൽവാമയിലെ വനമേഖലയിൽ ഷാനിബ് എന്തിനു വേണ്ടി എത്തിയെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു
ബെംഗളൂവിൽ വയറിംഗ് ടെക്നിഷ്യൻ ആണ് ഷാനിബ് എന്നാണ് വിവരം. വീട്ടിൽ നിന്നും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ യുവാവ് എങ്ങനെ കശ്‌മീരിൽ എത്തിയെന്നതുൾപ്പെടെയുള്ള കാര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.