ബെംഗളൂരു: ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിക്കും. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും ശക്തമായ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ശത്രുവിന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാനും അതിര്‍ത്തികള്‍ നിരീക്ഷിക്കാനും സൈനിക പ്രവര്‍ത്തനങ്ങളില്‍ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും ഇന്ത്യന്‍ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും ഈ ചാര ഉപഗ്രഹങ്ങള്‍ സഹായിക്കും.
സ്വകാര്യ മേഖലയ്‌ക്ക് സ്വാഗതം
‘ഇതുവരെ, ഇത് പ്രധാനമായും ഇസ്രോ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ആണ് ചെയ്തിരുന്നത്. മുന്നോട്ട് പോകുമ്പോള്‍ സ്വകാര്യ മേഖലയെയും ഞങ്ങള്‍ ഒപ്പം കൊണ്ടുവരും,’ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്‌പേസ്) ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്ക പറഞ്ഞു.
’52 ഉപഗ്രഹങ്ങളില്‍ പകുതിയും സ്വകാര്യ മേഖലയായിരിക്കും നിര്‍മിച്ചു നല്‍കുക, ബാക്കിയുള്ളവ ഇസ്രോ നിര്‍മ്മിക്കും,’ ഗോയങ്ക പറഞ്ഞു. എന്നിരുന്നാലും, നിരീക്ഷണ ശേഷികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതിരോധ സേനയും എടുക്കേണ്ടതുണ്ടെന്ന് ഗോയങ്ക വ്യക്തമാക്കി.
ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന (എസ്എസ്എല്‍വി) സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് ഐഎസ്ആര്‍ഒ കൈമാറി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍വി
അടിയന്തര ഘട്ടങ്ങളില്‍ പ്രതിരോധ സേനയ്‌ക്ക് ആവശ്യമായ ചെറിയ ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വിക്ഷേപിക്കുന്നതിനാണ് എസ്എസ്എല്‍വി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 10-500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ അവയ്‌ക്ക് കഴിയും.
കുറഞ്ഞ ചെലവ്, കുറഞ്ഞ ടേണ്‍ഏറൗണ്ട് ടൈം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള കഴിവ്, ആവശ്യാനുസരണം വിക്ഷേപിക്കാനുള്ള സാധ്യത, കുറഞ്ഞ വിക്ഷേപണ അടിസ്ഥാന സൗകര്യ ആവശ്യകതകള്‍ എന്നിവയാണ് എസ്എസ്എല്‍വിയുടെ പ്രത്യേകതകള്‍.















