ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായി ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ഭീകരസങ്കേതം. ഇന്ത്യൻ സൈന്യത്തിന്റെ മിസൈലാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങളിൽ പുറത്തുവിട്ടു. ബഹവൽപൂരിലാണ് ജെയ്ഷെ ആസ്ഥാനമായ മസൂദിന്റെ മർകസ് സുബ്ഹാൻ അല്ലാഹ് സ്ഥിതിചെയ്യുന്നത്.
അർദ്ധരാത്രി നടന്ന സൈനിക നടപടിയിൽ മസൂദ് അസറിന്റെ സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. തുടർച്ചയായി മിസൈലുകൾ അയച്ചാണ് ഇന്ത്യൻ സൈന്യം കെട്ടിടം നിലംപരിശാക്കിയത്. മസൂദ് അസറും കുടുംബവും വർഷങ്ങളോളം താമസിച്ചിരുന്ന കൂറ്റൻ കെട്ടിടമാണ് സൈന്യത്തിന്റെ ശക്തമായ മറുപടിയിൽ തകർന്നടിഞ്ഞത്.
18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മർകസ് സുബ്ഹാൻ ക്യാമ്പ് ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെട്ടിരിന്നു. പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലയൊണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്. സൈന്യം മിസൈലാക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ദേശീയ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.
2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവ ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുള്ള ഭീകരനാണ് മസൂദ് അസർ. ഐക്യരാഷ്‌ട്രസഭാ സുരക്ഷാസമിതി ഉൾപ്പെടെ അസറിനെ കൊടും ഭീകരനായി പ്രഖ്യാപിച്ചിരുന്നു.