ഓപ്പറേഷൻ സിന്ദൂർ; ‘പേര് നൽകിയ ആൾ അഭിനന്ദനമർഹിക്കുന്നു’; പ്രധാനമന്ത്രിയെ പ്രശംസിച്ച് തരൂരിന്റെ ‘ശബാഷ്’ പോസ്റ്റ്

Published by
Janam Web Desk

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് ഓപ്പറേഷൻ സിന്ദൂറെന്ന് പേരുനൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനെതിരായ തിരിച്ചടിക്ക് ശശി തരൂർ സർക്കാരിനും സായുധ സേനയ്‌ക്കും ശക്തമായ പിന്തുണ നൽകി.

“ബുദ്ധിപരം സർക്കാരിന്റെ സൃഷ്ടിപരമായ ചുരുക്കെഴുത്തുകളോടുള്ള അഭിനിവേശം കണക്കിലെടുക്കുമ്പോൾ, ഓപ്പറേഷൻ സിന്ദൂർ എന്നത്ഒരു മികച്ച പേരാണ്. പഹൽഗാമിൽ കൊല്ലപ്പെട്ട ഭർത്താവിന്റെ അരികിൽ മുട്ടുകുത്തി കരയുന്ന വിധവയായ നവവധുവിന്റെ ചിത്രം നമ്മുടെ ദേശീയ ബോധത്തിൽ ആഴ്ന്നിറങ്ങുന്നത് ഇങ്ങനെയാണ് – ഓപ്പറേഷൻ സിന്ദൂർ അത്രയേറെ അനുയോജ്യമായി മാറുന്നതിന്റെ കാരണവും ഇതാണ്. സിന്ദൂരം രക്ത ചുവപ്പാണെന്ന വസ്തുതയും ഒരു സന്ദേശം നൽകുന്നു. ഈ പേരിന് പിന്നിലെ ചിന്ത ആരുടേതായാലും അവർക്ക് ശബാഷ്!”തരൂർ എക്‌സിൽ കുറിച്ചു.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര ക്യാമ്പുകളെ 25 മിനിറ്റ് നീണ്ടുനിന്ന മിന്നലാക്രമണത്തിലൂടെ ലക്ഷ്യം വച്ചു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ബാലക്കോട്ടിന് ശേഷമുള്ള ഏറ്റവും വിപുലമായ അതിർത്തി കടന്നുള്ള ഓപ്പറേഷനായിരുന്നു ഇത്. വ്യോമ, നാവിക, കര സംവിധാനങ്ങൾ സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

Share
Leave a Comment