ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിൻ ക്യാ രഹാനെ. കഴിഞ്ഞ ദിവസം നടന്ന കെകെആർ-സിഎസ്കെ മത്സരശേഷമാണ് താരം വിരമിക്കൽ വാർത്ത അറിയുന്നത്. രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ വാർത്ത സത്യമാണോ എന്ന അമ്പരപ്പിലായിരുന്നു താരം.
“ഓ സത്യമാണോ? “എന്നായിരുന്നു രഹാനെയുടെ ആദ്യപ്രതികരണം. “എനിക്കറിയില്ലായിരുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ ഇവിടെ മത്സരത്തിന്റെ തിരക്കിലായിരുന്നു, അതിനാൽ എനിക്ക് ഒന്നും അറിയാൻ കഴിഞ്ഞില്ല. പക്ഷേ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു,” വാർത്താ സമ്മേളനത്തിൽ രഹാനെ പറഞ്ഞു.
“തുടക്കത്തിൽ മധ്യനിരയിൽ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. പിന്നീട് ഇന്നിംഗ്സ് ഓപ്പണറായി. എന്നാൽ ഈ മാറ്റവുമായി രോഹിത്ത് പൊരുത്തപ്പെട്ട രീതി അതിശയകരമായിരുന്നു. ബൗളർമാരെ നേരിടാനും സ്വാതന്ത്ര്യത്തോടെ കളിക്കാനും അദ്ദേഹം എപ്പോഴും ശ്രമിച്ചു, മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു,” രഹാനെ പറഞ്ഞു.
“ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തിയാൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയോ സന്ദേശം അയയ്‌ക്കുകയോ ചെയ്യും,പക്ഷേ, അദ്ദേഹത്തിന്റെ മികച്ച ടെസ്റ്റ് കരിയറിന് ഞാൻ തീർച്ചയായും അഭിനന്ദിക്കുന്നു” രഹാനെ കൂട്ടിച്ചേർത്തു. .”
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് രോഹിത് ശർമ്മയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായും ഏകദിനത്തിൽ തുടരുമെന്നും താരം വ്യക്തമാക്കി.