കോഴിക്കോട്: പാകിസ്താനെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം പ്രാദേശിക നേതാവ്. കക്കോടി പഞ്ചായത്ത് പ്രസിഡന്‍റ് ഷീബയുടെതാണ് പാക് അനുകൂല പോസ്റ്റ്. ‘ദേശാതിർത്തികൾക്കപ്പുറം ഉള്ളവരും മനുഷ്യരാണ്, അവരും വിചാര വികാരമുള്ളവരാണ്”- എന്നായിരുന്നു ഷീബയുടെ കുറിപ്പ്. വിവാദമായതോടെ കുറിപ്പ് പിൻവലിച്ചു.
ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതിനിടെയാണ് സിപിഎം നേതാവ് പാക് വെളുപ്പിക്കൽ പോസ്റ്റുമായി രംഗത്തെത്തിയത്. രാഷ്‌ട്രീയ കക്ഷി ഭേദമന്യേ വിമർശനം ഉയർന്നതോടെയാണ് പോസ്റ്റ് മുക്കിയത്. പിന്നാലെ മുഖം രക്ഷിക്കാൻ അടുത്ത പോസ്റ്റുമായി എത്തുകയും ചെയ്തു. ‘ജീവൻ പണയം വച്ച് ഇന്ത്യൻ സൈന്യം നടത്തുന്ന ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്. അതിനിടയിലും അതിർത്തിയിൽ ജീവിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണ മനുഷ്യരെക്കുറിച്ചുള്ള ചിന്ത അസ്വസ്ഥതയാണുണ്ടാക്കിയത്. ഇനിയൊരു യുദ്ധം വേണ്ട വേണ്ട എന്ന് ആവർത്തിച്ച് വിളിച്ചവർ നാം’ എന്നായി അടുത്ത പോസ്റ്റ്. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം പ്രകടനം നടത്തി. മറ്റ് രാഷ്‌ട്രീയ പാർട്ടികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.